മേപ്പാടി: വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.
കാന്തന്‍പാറ ഒഴികെയുള്ള മൂന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വനം വകുപ്പിന് കീഴിലുള്ള മീന്മുട്ടി വെള്ളച്ചാട്ടം, നീലിമല വ്യൂ പോയിന്റ്, സണ്‍റൈസ് വാലി വ്യൂ പോയിന്റ് എന്നിവയാണത്. ഇവ അടച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ തൊഴില്‍, വ്യാപാര മേഖലകള്‍ വലിയ സ്തംഭനത്തിലേക്ക് നീങ്ങി.
വ്യാപാരികളുടെയും നിരവധി ടാക്സി, ഓട്ടോ തൊഴിലാളികളുടെയും വരുമാനവും മുടങ്ങി. കാപ്പി, ചായ, കുമുളക്, ഏലം, പച്ചക്കറിയിനങ്ങള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തെയും ഇത് ബാധിച്ചു. നിരവധി റിസോര്‍ട്ട്, ഹോം സ്റ്റേകള്‍ വരുമാനമില്ലാതായി. ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ വരുമാനവും നിലച്ചു.
2011ല്‍ ഗോവ സ്വദേശിയായ വിനോദ സഞ്ചാരി മീന്മുട്ടിയില് അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് മേല്‍പ്പറഞ്ഞ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും നിരന്തര ആവശ്യങ്ങളുയര്‍ന്നിട്ടും ഇവ തുറക്കാന്‍ വനംവകുപ്പ് തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരി സംഘടനകള്‍ യോജിച്ചുകൊണ്ട് പല യോഗങ്ങളും ചേര്‍ന്നു.
വനം വകുപ്പ് ഉന്നതാധികാരികള്‍ക്ക് നിരവധി നിവേദനങ്ങളും നല്കി. മീന്മുട്ടി വനസംരക്ഷണ സമിതി രൂപീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെ കേന്ദ്രം തുറക്കുന്നതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് രണ്ട് വര്‍ഷം മുമ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും നടപടിയുണ്ടായില്ല.
പ്രകൃതി ഒരുക്കിയ 300 അടിയിലേറെ ഉയരത്തില്‍ നിന്ന് പുഴവെള്ളം താഴേക്ക് പതിക്കുന്ന മനം കവരുന്ന ദൃശ്യാനുഭവമാണ് മീന്മുട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് സമ്മാനിച്ചിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു നൂറു കണക്കിന് സാഹസിക വിനോദ സഞ്ചാരികളാണ് കാനന മധ്യത്തിലുള്ള ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തിയിരുന്നത്. ആ കാഴ്ചയാണ് 15വര്‍ഷമായി സഞ്ചാരികള്‍ക്ക് നഷ്ടമായത്.
നീലിമലയുടെ ഉച്ചിയിലെത്തി മുന്നോട്ടു നോക്കിയാല്‍ തമിഴ്നാട്ടിലെയടക്കം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. കാടാശ്ശേരിയിലെ സണ്‍റൈസ് വാലി എന്നറിയപ്പെടുന്ന സ്ഥലത്തു നിന്ന് ചുറ്റും നോക്കിയാല്‍ നിലമ്പൂര്‍ ഭാഗത്തുള്ള ചാലിയാര്‍ പുഴയുടെ കൈവഴികള്‍ പോലും കാണാന്‍ കഴിയും.
കോടമഞ്ഞ് പുതച്ച വനങ്ങളുടെ കാഴ്ചയും അതി മനോഹരമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇതെല്ലാം മനസു നിറയ്ക്കുന്ന കാഴ്ചകളാണ്. ഇവയെല്ലാം ഇപ്പോള്‍ സഞ്ചാരികള്‍ക്ക് അപ്രാപ്യമാണ്.
അയല്‍ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഫലപ്രദമായി അവിടുത്തെ ഭരണസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് വയനാടിന്റെ പ്രവേശന കവാടത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവിടത്തെ അധികാരികള്‍ അടച്ചുപൂട്ടിയിരിക്കുന്നത്.